ജയം രവിയുമായുള്ള സൗഹൃദത്തെ തുടർന്ന് നിരവധി സൈബർ ആക്രമണം നേരിടുന്ന ഗായികയാണ് കെനീഷ ഫ്രാൻസീസ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങിൽ പങ്കുവച്ചൊരു പോസ്റ്റിലൂടെയാണ് കെനീഷ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഞാൻ അവനെ സ്വതന്ത്രനാക്കുകയാണെന്നും എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണെന്നും അവർ കുറിച്ചു. താൻ ചെന്നൈ വിടുന്നു. സംഗീതവും തെറാപ്പിയും ഉൾപ്പെടെ എല്ലാം ഉപേക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
''പ്രിയപ്പെട്ടവരേ, പറയേണ്ടതിലും പറയാൻ പാടുള്ളതിലും കൂടുതൽ ഞാൻ പറഞ്ഞു. അതിൽ ഭൂരിഭാഗവും അനാവശ്യമായിരുന്നു. സ്നേഹവുമായാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്, പുറത്തിറങ്ങുന്നത് നിശബ്ദതയോടേയും.
ചിലയിടങ്ങൾ ഒച്ചപ്പാട്, ഈഗോ, വിധിതീർപ്പുകൾ, കെട്ടുകഥകൾ എന്നിവ കൈയടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് യാതൊരു ഇടവുമില്ല. അങ്ങനെ വരുമ്പോൾ സ്നേഹത്തിന് പോലും സ്ഥാനമില്ലാതാവും.
ലോകം ഇതിനകം വിധി തീരുമാനിച്ചുകഴിഞ്ഞ ഒരു മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിച്ച ഞാൻ അതിനായി എന്നെ തന്നെ നൽകിയിട്ടുണ്ട്. എന്നാൽ, വിസ്മയക്കാഴ്ചകളിൽ അഭിരമിക്കുന്ന ഒരു ലോകത്ത്, കുഴമറിച്ചിലുകൾക്കെതിരേ ദയയ്ക്ക് അപൂർവമായി മാത്രമേ നിലകൊള്ളാൻ സാധിക്കൂ.
പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, നിരീക്ഷകരോട്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അയാളുടെ ജീവനുമേൽ അവകാശവാദം ഉന്നയിക്കുന്നവരോട്- അയാൾ ഇപ്പോൾ നിങ്ങളുടേതാണ്. കൂടുതൽ വിശദീകരണമില്ല.
പ്രതിരോധിക്കാനുമില്ല. എന്റേതല്ലാത്ത യുദ്ധങ്ങൾ ഇനി പോരാടാനില്ല. നല്ല മനുഷ്യന്മാർക്ക് ജീവിക്കാൻ ഒരവസരം വേണമെന്നും അതിന് പിന്തുണ നൽകാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത മണ്ടത്തരമായിരുന്നു. എന്നാൽ ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു.
അതുകൊണ്ട്, സമാധാനത്തോടെ, സ്നേഹത്തോടെ, പൂർണ്ണ നിസംഗതയോടെ ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു. യഥാർഥ സ്നേഹത്തിനും വിശ്വസ്തതയ്ക്കും ആർദ്രതയ്ക്കും എന്ത് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് കാണിക്കാൻ ലോകം എന്നെ അനുവദിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആശിക്കുന്നു.
ഒരുപക്ഷേ, ഈ തലമുറയ്ക്ക് ആർദ്രതയിൽ വിശ്വാസമില്ലായിരിക്കാം. അർപ്പണത്തേക്കാൾ സംഹാരമാവും ദഹിക്കാൻ എളുപ്പം. ത്യാഗത്തിൽ നിർമിച്ച സത്യങ്ങളേക്കാൾ, വൈകാരികമായ കഥകൾ ആയിരിക്കും ആളുകൾ എപ്പോഴും തിരഞ്ഞെടുക്കുക. എന്നാലിതാ, നിങ്ങൾ ആഗ്രഹിച്ചതുതന്നെ ലഭിച്ചിരിക്കുന്നു.
അതുകൊണ്ട് ഇന്നുമുതൽ ഞാൻ ചെറുക്കുന്നത് നിർത്തുന്നു. തെറ്റായി മനസിലാക്കാൻ മാത്രം ഉദ്ദേശിച്ചുള്ള ഇടങ്ങളിൽ നന്മ തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു. ഞാൻ ചെന്നൈ വിട്ടു. എല്ലാം ഉപേക്ഷിക്കുന്നു. എന്റെ സംഗീതവും തെറാപ്പിയും ഇതുവരെ എന്റെ ജീവിതത്തിൽ പ്രധാനമായി കരുതിയതെല്ലാം ഉപേക്ഷിക്കുന്നു. ദൈവം സൃഷ്ടിച്ചതിനെ മനുഷ്യന് നശിപ്പിക്കാൻ കഴിയും.
ഞാൻ എല്ലാം ഉപേക്ഷിക്കാൻ കാരണം സൈബർ ആക്രമണവും മാനിപ്പുലേഷനും ദുർമന്ത്രവാദവുമാണ്. ദൈവം ജയിക്കുന്നതുവരെ ഞാൻ ഇൻസ്റ്റഗ്രാമും എല്ലാ സാമൂഹികമാധ്യമങ്ങളും ഉപേക്ഷിക്കുന്നു. എനിക്ക് അൽപം സ്വകാര്യത നൽകണമെന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു.
ഇന്നത്തോടെ: ഫെമിനിസം ജയിച്ചു. സന്തോഷം തോറ്റു.
സ്നേഹവും വെളിച്ചവുമുണ്ടാവട്ടെ- കെനീഷ ഫ്രാൻസിസ്.''
മാനസികമായി തകർന്നുനിൽക്കുന്ന രവി മോഹൻ സഹായം തേടിയപ്പോൾ തെറാപിസ്റ്റ് എന്ന നിലയിൽ മാനസിക പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും ഇങ്ങനെ അക്രമിക്കരുതെന്നും നേരത്തെ പങ്കുവച്ചൊരു വീഡിയോയിൽ കെനീഷ പറഞ്ഞിരുന്നു.
രണ്ടുവർഷം മുമ്പാണ് ആരതിയുമായി വേർപിരിഞ്ഞതായി രവി മോഹൻ വെളിപ്പെടുത്തിയത്. ആരതി തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും രവി മോഹൻ ആരോപിച്ചു.
പിന്നാലെ ഏതാനും മാസങ്ങൾക്കുശേഷം കെനീഷയും രവി മോഹനും പൊതുപരിപാടികളിൽ ഉൾപ്പെടെ ഒന്നിച്ചെത്താറുണ്ടായിരുന്നു.
ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു. ഇരുവരേയും പരോക്ഷമായി ഉന്നമിട്ട് ആരതി സാമൂഹികമാധ്യമങ്ങളിൽ പ്രതികരണം നടത്താറുണ്ടായിരുന്നു.